വാഷിങ്ടൺ: പശ്ചിമേഷ്യയിൽ 24 ദിവസമായി തുടരുന്ന ഇറാൻ യു എസ് ഇസ്രായേൽ സംഘർഷത്തിൽ താത്കാലിക ആശ്വാസം. ഇറാനുമായി നടത്തിയ ദ്വിദിന ചർച്ചയിൽ നിർണായക പുരോഗതി കൈവരിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനെ അഞ്ചുദിവസം കൂടി സമയം അനുവദിച്ചതായും ഈ സമയത്ത് ഇറാന്റെ ഊർജനിലയങ്ങളെ ആക്രമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശം യുദ്ധവകുപ്പിന് നൽകിയതായും അദ്ദേഹം പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ധാരണയിലേക്ക് നീങ്ങുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ട്രംപിന്റെ വാദങ്ങളെ ഇറാൻ തള്ളി. യു.എസ്. പ്രസിഡന്റുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ട്രംപ് പിന്നോട്ടുപോയതാണെന്നുമാണ് ഇറാന്റെ പ്രതികരണം.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കണമെന്ന ട്രംപിന്റെ അന്ത്യശാസന കാലാവധി കഴിഞ്ഞതോടെയാണ് പുതിയ സമയം അനുവദിച്ചത്. ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, ആക്രമണ സാധ്യതയുള്ള പശ്ചിമേഷ്യയിലെ ഊർജോത്പാദന കേന്ദ്രങ്ങളുടെയും കടൽവെള്ള ശുദ്ധീകരണ ശാലകളുടെയും പട്ടിക ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. സംഘർഷം പൂർണമായി ശമിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.






