എറണാകുളം: എറണാകുളത്ത് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിൽ അംഗത്വം എടുത്തത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഷാജു ജേക്കബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇതിനുമുമ്പ് തന്നെ പാർട്ടിയുമായി അദ്ദേഹത്തിന് പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റ് സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് മാത്രം വിജയിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് പാർട്ടിക്ക് തിരിച്ചടി ഉണ്ടാകാൻ കാരണം ഷാജുവാണെന്ന് വിലയിരുത്തി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഷാജുവിനൊപ്പം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 53 പേരാണ് സിപിഐയിൽ ചേർന്നത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലി ഷാജു എന്നിവരും സംഘത്തിലുണ്ട്.
സിപിഐ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സിപിഎം പ്രവർത്തകർ സിപിഐയിൽ ചേരുമെന്ന് ഷാജു ജേക്കബ് അറിയിച്ചു.




