മലപ്പുറം: മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ പഴയതൊടിക സുലൈമാന്റെ മകന്‍ ഷംസുദ്ദീന്‍ (55) ആണ് മരിച്ചത്. വാഹന ബ്രോക്കറായിരുന്ന ഷംസുദ്ദീന്‍ കുടുംബസമേതം കാരക്കുന്നിലേക്ക് താമസം മാറിയിരുന്നുവെങ്കിലും കുടുംബവുമായി പിണങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം.
തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കെട്ടിട ഉടമ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേരി പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഭാര്യ: കാരക്കാടന്‍ ജുമൈല. മക്കള്‍: ഷാജഹാന്‍, അലി അക്ബര്‍, സഫാന്‍. മരുമകള്‍: നസീല. പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം കാരക്കുന്ന് ജുമാമസ്ജിദില്‍ ഖബറടക്കി.






