കൊച്ചി: റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58-കാരി മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്. അശോകന്റെ ഭാര്യ സരള (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
ജോലി കഴിഞ്ഞ് ഭർത്താവ് അശോകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർവശത്തെ പ്ലാറ്റ്ഫോമിലേക്ക് പോകാൻ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നെന്ന് ഹിൽപാലസ് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ സരളയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായ സരളയും ഭർത്താവ് അശോകനും ഡ്യൂട്ടി കഴിഞ്ഞ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു. അവിടെ നിന്ന് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങാനായി പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പതിവായി തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നാണ് ഇരുവരും ട്രെയിനിൽ വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
മക്കൾ: അരുൺ അശോക് (സൗദി അറേബ്യ), അഖിൽ അശോക് (ടെക്നോപാർക്ക്). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.




