കോഴിക്കോട്: വടകരയിലെ ലഹരിക്കേസിൽ വീണ്ടും ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസാണ് അറസ്റ്റിലായത്. ഓൺലൈൻ ഡെലിവറി ബോയായ ഇയാളുടെ ബാങ്ക് അക്കൗണ്ടിലൂടെ ഏകദേശം ഒരു കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ലഹരി വാങ്ങാനെത്തുന്നവർക്ക് പണം അയയ്ക്കാൻ ജിജിലിന്റെ ഗൂഗിൾ പേ സ്കാനറാണ് നൽകിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവരിൽ മൂന്ന് പേർ അധ്യാപികമാരാണ്.
പേരാമ്പ്ര സ്വദേശിനിയും ബിആർസിയിലെ അധ്യാപികയുമായ നീഷ്മയെ ഇന്ന് കേസിൽ അറസ്റ്റ് ചെയ്തു. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയെന്നാണ് കണ്ടെത്തൽ. അറസ്റ്റിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ഇതിന് മുമ്പ് അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയെയും കാവ്യയെയും സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ലഹരി വാങ്ങുന്നവർ പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും തുടർന്ന് ലഹരി ഒളിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിവരം കൈമാറുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പിന്നീട് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.
വലിയ തുക അക്കൗണ്ടിൽ എത്തിയാൽ സംശയം ഒഴിവാക്കാൻ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് വിവരം.
കാവ്യ വാങ്ങിയ ആഡംബര കാർ ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരിക്കായി പണം നൽകിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്കൂൾ വിദ്യാർഥികൾ ഈ സംഘത്തിന്റെ ഇരകളായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അധ്യാപകരും അന്വേഷണ നിരീക്ഷണത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു.




