കോഴിക്കോട്: കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെതിരെ വിവാദ പരാമർശം നടത്തിയ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര മന്ത്രി പി. പ്രസാദിന് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വെടിയുതിർക്കുമായിരുന്നുവെന്ന് പരസ്യമായി പറഞ്ഞ ടി.ജി. മോഹൻദാസിനെതിരെ നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ നൽകിയ പരാതി പരിഗണിച്ചില്ലെന്നും, പോലീസിലെ ഒരു വിഭാഗത്തിന്റെ ഇത്തരം സമീപനം ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ദുൽഖിഫിൽ ആരോപിച്ചു.
ടി.ജി. മോഹൻദാസിനെതിരായ പരാതിയിൽ അന്വേഷണം നടത്താൻ മാത്രമാണ് നിർദേശം നൽകിയിട്ടുള്ളത്. സൈബർ സെൽ ഐ.ജി. പി. പ്രകാശിനാണ് അന്വേഷണ ചുമതല.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻ മണിക്കെതിരെ കോഴിക്കോട് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് നൽകിയ പരാതിയിലായിരുന്നു നടപടി.
കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെ നേരിടാൻ അവസരം ലഭിച്ചിരുന്നെങ്കിൽ അവിടെ കർഫ്യൂ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശം.




