തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അപകീർത്തികരമായ പരാമർശവും കലാപത്തിന് പ്രേരണ നൽകുന്ന തരത്തിലുള്ള പ്രസ്താവനയും നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേസ്. ഇന്നലെ രാത്രിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
സമരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന രീതിയിലുള്ള പ്രസ്താവനയാണ് ടി.ജി. മോഹൻദാസ് നടത്തിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർ മന്തർ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിക്കുമെന്നും ജനക്കൂട്ടം പിരിഞ്ഞില്ലെങ്കിൽ വെടിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശമാണ് വലിയ വിവാദത്തിന് ഇടയാക്കിയത്.
സംഭവത്തിൽ ടി.ജി. മോഹൻദാസിനെതിരെ ഉടൻ കേസെടുക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. സൈബർ സെൽ ഐജി പി. പ്രകാശിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.




