തൃശൂര്‍: പതിനാലുകാരനെ പഠിക്കുന്ന സ്കൂൾ പരിസരത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ 60 വയസുകാരന് രണ്ട് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്കിടങ്ങ് കരുവന്തല നാരായണപറമ്പത്ത് വീട്ടിൽ അനിൽകുമാറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പള്ളി പൊലീസ് സി.പി.ഒ. സൗമ്യയ്ക്ക് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സബ് ഇൻസ്പെക്ടർ ജയകുമാർ സി.കെ. പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ വിനീത് വി. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ലെയ്സൺ ഓഫീസർ എ.എസ്.ഐ. സിന്ധു എം.ആർ. കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പ്രതിക്കെതിരെ മറ്റൊരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ ചാവക്കാട് പോക്സോ കോടതിയിൽ പൂർത്തിയായിട്ടുണ്ട്. മറ്റു മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസും കുന്നംകുളം കോടതിയിൽ നിലവിലുണ്ട്.




