പട്ടാമ്പി: പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയുടെ ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിറാണ് ലോറിയിലുണ്ടായിരുന്നത്. അപകടം നടന്ന് നാലു മണിക്കൂർ പിന്നിട്ടിട്ടും ലോറി കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ലോറി പിന്നിലേക്ക് നീങ്ങി സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലെ ചെളിയിൽ വാഹനം താഴ്ന്നുപോയതോടെ തെരച്ചിൽ ദുഷ്കരമായി.
പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തെരച്ചിൽ നടത്തിവരികയാണ്. ലോറി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചാത്തന്നൂർ സ്വദേശിയായ താഹിർ ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
വലിയ ക്വാറിയിൽ ഒരു മാസത്തോളമായി മണ്ണിട്ട് നികത്തുന്ന പ്രവൃത്തി നടന്നുവരികയായിരുന്നുവെന്നാണ് വിവരം. ഇതിനിടെയാണ് മൺകൂന ഇടിഞ്ഞ് ലോറി ചെളിയിൽ താഴ്ന്നത്. ഡ്രൈവറുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തതയില്ല. രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.



