ബംഗളൂരു: ഐപിഎല്ലില്‍ മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ചുവിക്കറ്റ് ജയം. ആര്‍സിബി ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് കിങ്സ് മറികടന്നു.
മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് നിശ്ചിത 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. കൂട്ടത്തകര്‍ച്ചയ്ക്കിടെ 26 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആര്‍സിബിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഹര്‍പ്രീത് ബ്രാന്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം ഡേവിഡ് 21 റണ്‍സെടുത്തു. 18 പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പടിദാറാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിയുടെ വിക്കറ്റ് വീഴ്ച ഇന്നിങ്സിന്റെ നാലാം പന്തില്‍ തന്നെ തുടങ്ങി. നാലാം പന്തില്‍ ഫില്‍ സാള്‍ട്ട് (4), മൂന്നാം ഓവറില്‍ വിരാട് കോലി (1), നാലാം ഓവറില്‍ ലിയാം ലിവിങ്സ്റ്റണ്‍ (4), ആറാം ഓവറില്‍ ജിതേഷ് ശര്‍മ (2), ഏഴാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ (1) എന്നിങ്ങനെ ആര്‍സിബി ഇന്നിങ്സില്‍ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.




