കൊച്ചി: മഞ്ചേരി പോക്സോ കോടതിയിൽ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖകളാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
41കാരനായ മലപ്പുറം സ്വദേശി നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. ഗർഭിണിയായ പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകി. കേസിൽ കുട്ടിക്ക് 18 വയസ്സിന് താഴെയാണെന്ന് തെളിയിക്കാനുള്ള നടപടികളിലായിരുന്നു പ്രശ്നം. പ്രതി ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകൾ മതിയായ തെളിവല്ലെന്ന് വാദിച്ചിരുന്നു.
എന്നാൽ എസ്‌എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രധാന രേഖയാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കൂടാതെ, കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഡിഎൻഎ പരിശോധന വഴി തെളിഞ്ഞതായും കോടതി വ്യക്തമാക്കി. കുട്ടിയുടെ പ്രായം 18ൽ താഴെയായതിനാൽ, ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന് വാദിക്കുന്നത് പ്രാധാന്യമില്ലെന്നും കോടതി വ്യക്തമാക്കി.






