ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ മാർച്ചിനിടെ പൊലീസ് നടത്തിയ നടപടിയിൽ പെല്ലറ്റ് വെടിയേറ്റ് ഒരു വിദ്യാർഥിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായതായി കുടുംബം അറിയിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ ജൂൺ 20-ന് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
നജഫ്‌ഗഡ് സ്വദേശിയും ഡൽഹി സർവകലാശാലയിലെ ഓപ്പൺ ലേണിങ് വിഭാഗം വിദ്യാർഥിയുമായ സാഹിൽ ലോചാബ് (25) ആണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് പോയിന്റ് ബ്ലാങ്കിൽ പെല്ലറ്റ് വെടിയുതിർത്തെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സാഹിലിന്റെ മുഖം, കഴുത്ത്, നെഞ്ച്, വലത് തോൾ, കൈ എന്നിവിടങ്ങളിൽ നിരവധി പെല്ലറ്റുകൾ തറച്ചതായും ഒരു പെല്ലറ്റ് വലതുകണ്ണിലെ കോർണിയ തുളച്ചുകയറിയതായും ബന്ധുക്കൾ പറഞ്ഞു. വലത് ശ്വാസകോശത്തിലും ഹൃദയത്തിന് ചുറ്റുമുള്ള കൊഴുപ്പ് ഭാഗങ്ങളിലും പെല്ലറ്റുകൾ കണ്ടെത്തിയതായും അവർ അറിയിച്ചു.
നിലവിൽ ഡൽഹി എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സാഹിലിന് ഒരു ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. അടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷമേ കാഴ്ച വീണ്ടെടുക്കാൻ കഴിയുമോയെന്ന് വ്യക്തമാകൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എസ്.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാഹിലിന്റെ ലക്ഷ്യം പൊലീസ് ഓഫീസറാകുക എന്നതായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
അതേസമയം, മുഖത്തും കണ്ണുകളിലുമായി പെല്ലറ്റ് പരിക്കേറ്റ ഗുഡ്ഗാവ് സ്വദേശി ഷെയ്ഖ് മൻസൂരി (25) ഉൾപ്പെടെ മറ്റ് പ്രതിഷേധക്കാരും ചികിത്സയിലാണ്. പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ സാക്ഷി (21) എന്ന യുവതിയെ വെന്റിലേറ്ററിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. പ്രതിഷേധം നിയന്ത്രിക്കുന്നതിനായി അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നുവെന്നും വിദ്യാർഥികൾക്കെതിരെ ഷോക്ക് ബാറ്റണുകളും പ്രത്യേക ലാത്തികളും ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.











