തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വനിതകൾക്കായി പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. ‘പ്രിയദർശിനി വായ്പ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പിന്നാക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ സംരംഭങ്ങൾ ആരംഭിക്കാനും സഹായിക്കുന്നതിനാണ് വായ്പ പദ്ധതി ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും.
വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ചുള്ള വികസന പദ്ധതിയായ ‘സമഗ്ര 2026’ വഴിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിപണിയിലെ മാറ്റങ്ങൾക്കും ജനങ്ങളുടെ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപന ചെയ്ത പുതിയ ക്ഷേമ വായ്പാ പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബറിൽ പാലക്കാട് നടക്കും.











