കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധി ദേശീയ രാഷ്ട്രീയത്തെയും ബാധിക്കുമെന്ന സൂചന നൽകി പാർട്ടിയുടെ രാജ്യസഭാ എംപി സുഖേന്ദു ശേഖർ റേ. നിയമസഭയിൽ രൂപപ്പെട്ട വിമതനീക്കത്തിന്റെ അലയൊലികൾ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും വ്യാപിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
80 എംഎൽഎമാരിൽ 60 പേരും വിമതപക്ഷത്തോട് ചേർന്നുവെന്നത് അപൂർവ രാഷ്ട്രീയ സംഭവമാണെന്നും അത്തരമൊരു സാഹചര്യത്തെ അതിജീവിക്കുക ഏത് പാർട്ടിക്കും ദുഷ്കരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിസന്ധി സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പാർലമെന്റിലും അതിന്റെ പ്രതിഫലനം ഉടൻ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിൽ നിർണായക രാഷ്ട്രീയ സംഭവവികാസങ്ങൾ ഉടൻ ഉണ്ടായേക്കാമെന്നും തുടർന്ന് രാജ്യസഭയിലും സമാന മാറ്റങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സുഖേന്ദു ശേഖർ റേ വ്യക്തമാക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് എംഎൽഎമാരായ ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തൃണമൂൽ കോൺഗ്രസ് നേതൃത്വം പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിലെ 80 എംഎൽഎമാരിൽ 60 പേരുടെ പിന്തുണ നേടിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി ഉയർന്നതോടെയാണ് തൃണമൂലിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായത്.
നിലവിൽ ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന് 28 എംപിമാരും രാജ്യസഭയിൽ 13 അംഗങ്ങളുമാണുള്ളത്. ലോക്സഭയിലെ 20 എംപിമാർ വരെ വിമതപക്ഷത്തേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധി പാർട്ടിയുടെ ദേശീയ സാന്നിധ്യത്തെയും ബാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.






