മലയാളിയെ രണ്ട് പതിറ്റാണ്ടിലേറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ ഈറനണിയിക്കുകയും ചെയ്ത ഒരു പ്രതിഭ കൂടി വിടവാങ്ങുകയാണ്. ഒരു മഴയുള്ള രാത്രിയിൽ, ഒരിക്കലും മടങ്ങിവരാത്ത ദൂരങ്ങളിലേക്ക് സലിം കുമാർ യാത്രയായി. ചിരിയുടെ അവസാനിക്കാത്ത വസന്തം തീർത്ത അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തെയും മലയാളികളെയും ഒന്നാകെ സങ്കടക്കടലിലാഴ്ത്തുകയാണ്.
‘‘ഞാനൊരു മതിൽ പൊളിച്ചു, അതിലൂടെ കൂടുതൽ പേർ കയറി വരട്ടെ.’’ ഹാസ്യ നടനെന്നും മിമിക്രിക്കാരനെന്നും മുദ്ര കുത്തപ്പെട്ട ഒരാൾ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതിന് ശേഷം പറവൂരിലെ വീട്ടിലേക്ക് വന്ന പത്രക്കാരോട് ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. പിൽക്കാലത്ത്, സുരാജ് വെഞ്ഞാറമൂടും ഇന്ദ്രൻസുമൊക്കെ സലിം കുമാർ മതിൽ പൊളിച്ച കവാടത്തിലൂടെ കയറിവന്നത് മറക്കാരിതിക്കാൻ വയ്യ.
മികച്ച നടൻ എന്നതിനൊപ്പം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളുള്ള, അത് മറയില്ലാതെ പ്രകടിപ്പിക്കുന്ന സലിം കുമാറിനെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വരെ നമ്മൾ കണ്ടതാണ്. അതുകൊണ്ടുണ്ടാകുന്ന തിരിച്ചടികളെ നോക്കി പുച്ഛത്തോടെ അദ്ദേഹം നിലപാടുകൾ ഉറക്കെ പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ മാത്രമല്ല, സിനിമാരംഗത്തെ നീതികേടുകളും പറയാൻ ഒരു മടിയും കാണിച്ചിട്ടില്ല. അതിന്റെയൊക്കെ പേരിൽ അദ്ദേഹത്തിന് വിമർശനങ്ങളും തിരസ്‌കാരങ്ങളും നേരിടേണ്ടിവന്നു.
സ്വന്തം മരണത്തെക്കുറിച്ച് അദ്ദേഹം എപ്പോഴോ കണക്കുകൂട്ടിയിരുന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു 2024 ഒക്ടോബർ 10ന്, തന്റെ 55-ാം ജന്മദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്. അതിലെ വരികൾ ഇങ്ങനെയാണ്- “ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്കെത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല, എന്നാലും ഞാൻ യാത്ര തുടരുകയാണ്…” അന്ന് സലിം കുമാർ കുറിച്ചിട്ട ഈ വരികൾ ഇന്ന് നിറകണ്ണുകളോടെയാണ് മലയാളികൾ വായിക്കുന്നത്.
മലയാളത്തിൽ പൊതുവേ സിനിമാക്കാർ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കാറില്ല. ഉണ്ടെങ്കിൽത്തന്നെ ഇടതുപക്ഷ ചായ്വുള്ളവരാണ് അവരിലധികവും. അക്കാര്യത്തിൽ സലിം കുമാർ വ്യത്യസ്തനാണ്. ഒരു മറയുമില്ലാതെ താനൊരു കോൺഗ്രസ് അനുഭാവിയാണെന്ന കാര്യം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. കൂടാതെ, വിവിധ വിഷയങ്ങളിൽകോൺഗ്രസ് അനുകൂല നിലപാടുകൾ പരസ്യമായി സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ നിലപാട് തുറന്നുപറയാൻ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയ സ്വത്വം മറച്ചുവെക്കുന്നത് സമൂഹത്തോടുള്ള വലിയ ചതിയാണെന്നുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാട്. കലാകാരൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത് ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ വിനിയോഗിക്കാനാണെന്ന് അദ്ദേഹം വിശ്വസിച്ചു.
സഹപ്രവർത്തകരായ ധർമ്മജൻ, രമേശ് പിഷാരടി എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചപ്പോൾ പിന്തുണയുമായി എത്തി. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഉപദേശം തേടിയ രമേശ് പിഷാരടിയോട്, രാഷ്ട്രീയരംഗത്ത് നിരവധി മോശം അനുഭവങ്ങളും വെല്ലുവിളികളും ഉണ്ടാകുമെന്നും അവയെയൊക്കെ നേരിടാനുള്ള ആർജ്ജവമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ സജീവമാകുന്നത് നല്ല തീരുമാനമാണെന്നും പറഞ്ഞുകൊടുത്തു. വടക്കൻ പറവൂർ നിയോജകമണ്ഡലത്തിൽ വി.ഡി. സതീശൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പറവൂരുകാരായ തങ്ങൾക്കായിരിക്കും അടുത്ത മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് ലഭിക്കുകയെന്നും പ്രചരണ കാലത്തേ പറഞ്ഞു.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലീം കുമാർ സജീവമായിരുന്നു. ഇത്തരം വേദികളിൽ ഇടതുപക്ഷ ആശയങ്ങളെയും ഇടത് സർക്കാരിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സർക്കാരിന്റെ വികസന സങ്കൽപ്പങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ തന്റെ തനതായ ഹാസ്യവും രാഷ്ട്രീയ ആക്ഷേപഹാസ്യവും ഒരുപോലെ പ്രയോഗിച്ചു സലിംകുമാർ. പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിൽ ഇടത് ഹാൻഡിലുകൾ നീരസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വിടപറയുമ്പോൾ കണ്ണ് നിറയുന്നവരിൽ ഇടതനെന്നോ വലതനെന്നോ വേർതിരിവ് കാണില്ല.
2021-ൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലായി നടത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) കൊച്ചി പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നതിൽ സലിം കുമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും സലിം കുമാറിനെ ഫോണിൽ വിളിച്ച് ക്ഷണിച്ചെങ്കിലും വൈകിവന്ന ആ ക്ഷണം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
രാഷ്ട്രീയത്തിന്റെ പേരിൽത്തന്നെയാണ് അമ്മ സംഘടനയിൽനിന്ന് സലിംകുമാർ രാജിവെച്ചതും. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികളിലും ചലച്ചിത്രമേഖലയിൽനിന്നുള്ളവർ സ്ഥാനാർഥികളായിരുന്നു. ഇതോടെ, അമ്മയിലെ അംഗങ്ങൾ ആർക്കുവേണ്ടിയും പ്രചാരണ രംഗത്തിറങ്ങേണ്ടെന്ന് സംഘടനയിൽ വാക്കാൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റായ മോഹൻലാലും സംവിധായകൻ പ്രിയദർശനും ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് സലിംകുമാറിനെ പ്രകോപിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് സലിം കുമാർ തന്റെ അംഗത്വം രാജിവെച്ചുകൊണ്ട് സംഘടനയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് കത്ത് നൽകി. ഉന്നത പദവിയിലിരിക്കുന്നവർ തന്നെ സംഘടനയുടെ അലിഖിത നിയമങ്ങൾ ലംഘിച്ചതാണ് തന്റെ രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സഹപ്രവർത്തകനായ ജഗദീഷിന് വേണ്ടി താൻ പ്രചാരണത്തിന് പോകാതിരുന്നത് നിയമങ്ങൾ മാനിച്ചാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതിനെല്ലാം പുറമെ സോഷ്യൽ മീഡിയയിൽ മലയാളിയെ ഇത്രത്തോളം ചിരിപ്പിച്ച കഥാപാത്രങ്ങളിൽ ഭൂരിഭാഗവും സലീം കുമാറിന്റേതാണ്. ട്രോളന്മാരുടെ സ്വന്തം സലീമേട്ടൻ. ഒരു സിനിമ തരുന്നതിനേക്കാളും കൂടുതൽ ചിരിയൊക്കെ ചിലപ്പോൾ ഒരൊറ്റ ട്രോൾ തരാറുണ്ട്.” സലിംകുമാർ ഒരിക്കൽ പറഞ്ഞ വാചകത്തിൽ മലയാളികളുടെ ട്രോളുകളിൽ നിറഞ്ഞ താരത്തിന്റെ മനസ്സുണ്ടായിരുന്നു. മലയാളത്തിലെ ട്രോളന്മാർ ഏറ്റവും കൂടുതൽ ആഘോഷിച്ച താരങ്ങളിൽ ഒരാൾ സലിംകുമാർ തന്നെയാണ്. കയ്യിൽ നിന്നിടുന്ന ഡയലോഗുകളായിരുന്നു സലിം കുമാറിന്റെ വജ്രായുധങ്ങൾ. കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളെ പോലും ചിരിപ്പിക്കുന്ന തരത്തിൽ കയ്യിൽ നിന്നിട്ട ഡയലോഗുകൾ അനവധി.
ട്രോളർമാരെ അങ്ങേയറ്റം അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്ത ഒരു കലാകാരനായിരുന്നു സലിം. “നമ്മുടെ ട്രോളന്മാരെ സമ്മതിക്കണം. അവർക്ക് ഈ ട്രോൾ ഇറക്കിയതുകൊണ്ട് അഞ്ച് പൈസയുടെ ലാഭമില്ല, പക്ഷേ, അപാരമായ ക്രിയേറ്റിവിറ്റിയാണ് അവരുടേത്.” സലിമിന്റെ വാക്കുകളിൽ ഒരു കലാകാരന്റെ മനസ്സുണ്ടായിരുന്നു. പഴഞ്ചൊല്ലുകൾ പോലെ മലയാളികൾ ഏറ്റെടുത്ത പ്രയോഗങ്ങളുടെ ഉടമ.
സലിം കുമാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സാംസ്‌കാരിക സ്ഥാപനങ്ങളുടെ മേൽ ഇടതുപക്ഷം പുലർത്തുന്ന രാഷ്ട്രീയ മേധാവിത്വത്തെ അദ്ദേഹം പലപ്പോഴും ചോദ്യംചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെയുള്ള ഒരു മുൻനിര കലാകാരനെ അക്കാദമി ചടങ്ങുകളിൽനിന്ന് മാറ്റിനിർത്തിയത് കേരളത്തിലെ സാംസ്‌കാരിക രംഗത്തെ കക്ഷിരാഷ്ട്രീയ അതിപ്രസരത്തിന്റെ ഉദാഹരണമായിരുന്നു. അത് തുറന്നുപറയാൻ അദ്ദേഹം മടിച്ചുമില്ല. സാംസ്‌കാരിക അക്കാദമികളുടെ തലപ്പത്തേക്ക് രാഷ്ട്രീയ അനുഭാവമുള്ളവർ എത്തുന്നതും ചലച്ചിത്ര സംഘടനകളിൽ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ മാറുന്നതും സലിം കുമാർ തന്റെ നിലപാടുകളിലൂടെ നിരന്തരം തുറന്നുകാട്ടിയിരുന്നു.
‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനത്തെ കുറിച്ചും ഒരു കഥയുണ്ട്. ബന്ധു മരിച്ച ദിവസം ആ പാട്ട് ടിവിയിൽ കണ്ടപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി. കാരണം, അതിൽ ഞാൻ മാത്രമേ ജീവനോടെയുള്ളൂ. ബാക്കി ആ സീനിൽ അഭിനയിച്ച ആരും ജീവിച്ചിരിപ്പില്ല… എന്നാണ് അദ്ദേഹം പറഞ്ഞത്. അതേ, ആ പാട്ടിൽ അവശേഷിച്ചിരുന്ന അവസാനത്തെ ആളും ഇപ്പോൾ ഓർമകളുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു. പകരക്കാരനില്ലാത്ത മഹാപ്രതിഭയ്ക്ക് വിട…






