രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകന്‍ റിക്കി റായിക്ക് വെടിയേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. ബംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്.
ഇയാളുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടിനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.വെടിയേറ്റ റിക്കിയെ ആദ്യം ബിഡദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായിയായിരുന്ന സംരംഭകനായ രാകേഷ് മല്ലി തുടങ്ങിയര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പെലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.



