ലിവര്‍പൂള്‍ : ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം വീണ്ടെടുത്ത് ലിവര്‍പൂള്‍. വിജയകിരീടം ചൂടാന്‍ ഒരു സമനില മാത്രം ബാക്കിനില്‍ക്കുന്ന കളിയില്‍ ടോട്ടനത്തെ 5-1 സ്‌കോറില്‍ തകര്‍ത്താണ് ലിവര്‍പൂളിന്റെ തേരോട്ടം.
ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളില്‍ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്‌സിസ് മക്കാലിസ്റ്റര്‍ (24), കോഡി ഗാപ്‌കൊ (34), മുഹമ്മദ് സല (63) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെല്‍ഫ് ഗോളും വഴങ്ങി.
നാലു കളികള്‍ അവശേഷിക്കെയാണ് ചുവപ്പന്‍ പടയുടെ കിരീടനേട്ടം. ലിവര്‍പൂളിന് 34 കളികളില്‍ 25 ജയവും ഏഴു സമനിലയും രണ്ടു തോല്‍വിയുമായി 82 പോയിന്റാണ്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സനലിനാകട്ടെ 34 കളികളില്‍ 67 പോയിന്റാണുള്ളത്.
ഇതോടെ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 2020-ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായത്.
28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്‌കോററായ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. ഇത്തവണയും പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. തുടരെ അഞ്ചാം തവണയും സിറ്റി ചാമ്പ്യന്‍മാരാവുന്നത് തടയാന്‍ മറ്റു ടീമുകള്‍ക്ക് കരുത്തില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ആദ്യത്തെ 13 കളികളില്‍ 11-ലും ജയിച്ച് ലിവര്‍പൂള്‍ കൊടുങ്കാറ്റായപ്പോള്‍ സിറ്റിയും ആഴ്‌സനലും ചെല്‍സിയും കാഴ്ചക്കാരായി. ആഴ്സനലാണ് ചുവപ്പന്‍മാര്‍ക്ക് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്.
യര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി എത്തിയ ആര്‍നെ സ്ലോട്ടിന്റെ ശൈലികളോട് താരങ്ങള്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ആദ്യ സീസണില്‍ത്തന്നെ കിരീടമുയര്‍ത്തി സ്ലോട്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.






