ഓട്ടവ: കാനഡയില്‍ ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പോളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതില്‍ അഭിമാനമെന്നും 20 സീറ്റുകളില്‍ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയേര്‍ പോളിയേവ് പറഞ്ഞു.
അതേ സമയം ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പരാജയത്തെതുടര്‍ന്ന് നേതാവ് ജഗ്മീത് സിങ് രാജിവച്ചു. ബേര്‍ണബേ സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തില്‍ അധികം വോട്ട് നേടി. പ്രധാനമന്ത്രി കാര്‍ണിയെ ജഗ്മീത് സിങ് അഭിനന്ദിച്ചു.
അതിനിടെ മാര്‍ക് കാര്‍ണിയെ അഭിനന്ദിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ”കാനഡയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ലിബറല്‍ പാര്‍ട്ടിയെയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെയും അഭിനന്ദിക്കുന്നു. അമേരിക്കന്‍ ജനതയും കനേഡിയന്‍ പൗരന്മാരും പരസ്പരം പങ്കിടുന്ന അടിസ്ഥാന മൂല്യങ്ങളും താല്‍പര്യങ്ങളും പിന്തുണയ്ക്കുന്നതില്‍ മാര്‍ക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ജോ ബൈഡന്‍ എക്‌സില്‍ കുറിച്ചു.
ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാല്‍ ട്രംപ് വീണ്ടും യുഎസില്‍ അധികാരത്തില്‍ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീവ്ര പ്രതികരണങ്ങള്‍ കനേഡിയന്‍ പൗരന്മാരെ പ്രകോപിപ്പിക്കുക മാത്രമല്ല, ട്രംപുമായുള്ള സാമ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും അവരുടെ നേതാവ് പിയേര്‍ പോളിയേവിനെയും പ്രതിരോധത്തിലാക്കി.




