തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. മൂവായിരത്തിലധികം കരാർ ജീവനക്കാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പലരും ജോലി നിർത്തി. ഇതോടെ വിവിധ ജില്ലകളിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സർവേയർമാരും ഹെൽപ്പർമാരും ശമ്പളക്കുടിശ്ശികയെ തുടർന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെ ഫീൽഡ് ജീവനക്കാരിൽ ചിലരുടെ കരാർ പുതുക്കാതിരുന്നതും സർവേ പ്രവർത്തനങ്ങളെ കൂടുതൽ ബാധിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പലർക്കും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കുടുംബജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തതായി ജീവനക്കാർ പറയുന്നു. കുടിശ്ശിക ആവശ്യപ്പെട്ട് ചില ജില്ലകളിൽ ജീവനക്കാർ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂമിരേഖകൾ പൂർണമായും ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാനത്തെ ആകെ 1,666 വില്ലേജുകളിൽ 242 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായ ഘട്ടത്തിലാണ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത്.
അതേസമയം, പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.











