ഗുവാഹത്തി: അസമിൽ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച ചെയ്ത് വിലയിരുത്തി.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും പങ്കാളികളാണ്. 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 34,970 ഹെക്ടറിലധികം കൃഷി നശിച്ചതായും അധികൃതർ അറിയിച്ചു. നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി.
വെള്ളിയാഴ്ച ചരൈദിയോ ജില്ലയിൽ ഏഴ് പേരും ശിവസാഗർ ജില്ലയിൽ ആറ് പേരും ജോർഹട്ടിൽ ഒരാളുമാണ് മരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ശിവസാഗർ ജില്ലയിലാണ്. ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 18,902 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ദുരിതബാധിത മേഖലകളിലെ സാഹചര്യം, രക്ഷാപ്രവർത്തനം, പുനരധിവാസ നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് വിവരങ്ങൾ തേടി. ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം എത്തിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.











