ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാലിനേറ്റ പരുക്ക് കാരണമാണ് അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാ റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസും തമിഴ് ചാനലായ തന്തി ടിവിയുമൊക്കെ സമാന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
പദ്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി ദില്ലിയില്‍ നിന്നും അജിത്ത് കുമാര്‍ എത്തിയത് ചെന്നൈ വിമാനത്താവളത്തില്‍ ആയിരുന്നു. വലിയ സംഘം ആരാധകരാണ് പ്രിയ താരത്തെ കാണാനായി ഇവിടെ കാത്തുനിന്നിരുന്നത്. അവിടെയുണ്ടായ തിക്കിലും തിരക്കിലും അജിത്തിന് കാലില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ഫിസിയോതെറാപ്പിക്കായാണ് പ്രധാനമായും അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇന്ന് വൈകുന്നേരം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം അജിത്തിന്റെ മാനേജര്‍ ആയ സുരേഷ് ചന്ദ്രയില്‍ നിന്നുമുള്ള ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.






