കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുടെ സാക്ഷ്യമായി ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു. ടി.പി. കൊല്ലപ്പെട്ട് 13 വര്‍ഷം
പൂര്‍ത്തിയായ ദിവസമാണ് അദ്ദേഹം വെട്ടേറ്റുവീണ വള്ളിക്കാട്ട് അദ്ദേഹത്തിന് സ്മാരകം ഉയര്‍ന്നത്. ടി.പി. ഉപയോഗിച്ചിരുന്ന വാച്ചും ബൈക്കും ഉള്‍പ്പെടുന്ന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയുമൊക്കെയാണ് മൂന്നുനിലകളിലായി നിര്‍മിച്ച സ്മാരകത്തിലുള്ളത്.
സ്മാരകത്തിന് മുന്നിലായി ടി.പിയുടെ പൂര്‍ണകായ പ്രതിമയുണ്ട്. ടി.പിയുടെ ചോര വീണ വള്ളിക്കാട്ടെ മണ്ണ് വിലയ്ക്കു വാങ്ങിയാണ് സ്‌ക്വയര്‍ നിര്‍മിച്ചത്. ഇവിടെ നിര്‍മിച്ച ചന്ദ്രശേഖരന്റെ സ്തൂപം രണ്ട് തവണ തകര്‍ക്കപ്പെട്ടിരുന്നു. ടി.പി.യുടെ ഹീറോ ഹോണ്ട പാഷന്‍പ്ലസ് കെഎല്‍ 18 എ 6395 നമ്പര്‍ ബൈക്ക് നിയമനടപടികളെല്ലാം കഴിഞ്ഞശേഷം കെ.കെ. രമ സ്വന്തമാക്കിയിരുന്നു. 2012 മെയ് നാലിന് രാത്രിയായിരുന്നു രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.






