എല്‍ഡിഎഫില്‍ അസ്വസ്ഥരായി കഴിയുന്ന കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികൾ യുഡിഎഫിലേക്കെന്ന് സൂചന. ആര്‍ജെഡിയും കേരളാ കോണ്‍ഗ്രസ് എമ്മും നേരത്തെ യുഡിഎഫ് ഘടകകക്ഷികളായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നല്‍കാത്തതും പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെ പി മോഹനന് മന്ത്രി സ്ഥാനം നല്‍കാത്തതും ആര്‍ജെഡിയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഇതുകൂടാതെ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പാര്‍ട്ടി ചെയര്‍മാന്‍ എം വി ശ്രേയസ് കുമാറിനെ വീണ്ടും രാജ്യസഭാ സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കാതെ സിപിഎം സീറ്റ് കയ്യടക്കുകയും ചെയ്തു. വന ഭേദഗതിനിയമം നടപ്പിലാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കമായിരുന്നു കേരള കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
കര്‍ഷക പാര്‍ട്ടിയായ മാണി കോണ്‍ഗ്രസിന്റെ അടിവേര് തോണ്ടുന്ന നിയമമാണിതെന്നായിരുന്നു വിലയിരുത്തല്‍. തങ്ങള്‍ വന നിയമത്തിനെതിരെയാണെന്ന് മാണി കോണ്‍ഗ്രസ് ഇടതു നേതാക്കളെയും മുഖ്യമന്ത്രിയെയും അറിയിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് വനം ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ജോസ് കെ മാണിയെ വനമന്ത്രി എ കെ ശശീന്ദ്രൻ പരിഹസിക്കുക പോലും ചെയ്തിരുന്നു.
ഇതെല്ലാം ജോസ് കെ മാണിയെയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളെയും ഇടതുമുന്നണിയിൽ നിന്നും അകറ്റിയതായി ആണ് അറിയുവാൻ കഴിയുന്നത്. കര്‍ഷക സംഘടനയായ മാണി കോണ്‍ഗ്രസിന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍ മാണി കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരില്ലെന്ന് സിപിഎമ്മിന് ഏറെക്കുറെ ഉറപ്പായിരുന്നു.
മാണി കോൺഗ്രസിനെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കുവാൻ സിപിഎമ്മിന് മറ്റ് താല്പര്യക്കുറവുകളും ഇല്ലായിരുന്നു. മാണി കോൺഗ്രസിനെ ലക്ഷ്യം വെച്ചു തന്നെയായിരുന്നു വനം ഭേദഗതി നിയമം നടപ്പിലാക്കുവാൻ ശ്രമിച്ചതും. എന്നാൽ ആ സമയത്താണ് ഏതെങ്കിലും ഘടകകക്ഷി ഇപ്പോൾ പുറത്തേക്ക് പോയാൽ അത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽ സിപിഎമ്മിന് ഉണ്ടാകുന്നത്. അതേത്തുടർന്നാണ് തൽക്കാലം മാണി കോൺഗ്രസിനോട് ഉടക്കേണ്ടെന്ന തീരുമാനം എടുക്കുന്നതും താൽക്കാലികമായി വനം ഭേദഗതി നിയമം മാറ്റിവെക്കുന്നതും. എന്നാലും അധികം വൈകാതെ മാണി കോൺഗ്രസ് എൽഡിഎഫ് വിട്ടു തങ്ങൾക്കൊപ്പം വരുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
ഇടതിനൊപ്പം നിൽക്കുന്നതുകൊണ്ട് തങ്ങളുടെ ശക്തി ക്ഷയിച്ചു വരുകയാണെന്ന അഭിപ്രായം പൊതുവേ മാണി കോൺഗ്രസ് നേതാക്കൾക്ക് വ്യാപകമായി ഉണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നേരിടേണ്ടിവന്ന പരാജയവും അതിന്റെ തെളിവാണ്. സിറ്റിംഗ് എംപിയായിരുന്ന തോമസ് ചാഴിക്കാടനെ യുഡിഎഫ് കോട്ടയത്ത് മലർത്തി അടിക്കുകയായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പരാജയഭീതി നേരിടുകയാണ്.
അതേസമയം എൽഡിഎഫ് വിട്ട് യുഡിഎഫിൽ വന്നാൽ മുൻപ് ലഭിച്ചിരുന്ന സീറ്റുകൾ ലഭിക്കുമെന്നും പാർട്ടിയുടെ ശക്തി വർധിപ്പിക്കുവാൻ കഴിയുമെന്നും നേതാക്കൾ കരുതുന്നു. ഏറെക്കുറെ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായും കേൾക്കുന്നു. ലീഗ് നേതാവും എംഎൽഎയും ആയ പി കെ കുഞ്ഞാലിക്കുട്ടിയാണ് മണി കോൺഗ്രസിനും യുഡിഎഫിനും ഇടയിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്ന് അറിയുന്നു.
മാണി കോൺഗ്രസിനെ പോലെ എൻസിപിയും ഇടതുമുന്നണിയിൽ അതൃപ്തരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് നൽകിയിരുന്ന കുട്ടനാട് എലത്തൂർ സീറ്റുകൾ വരുന്ന തെരഞ്ഞെടുപ്പിൽ നൽകില്ലെന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. വിവിധ ജില്ലാ നേതൃത്വങ്ങൾക്കും എൻ സി പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനോട് യോജിപ്പില്ല. എലത്തൂരിൽ ഇനിയും ശശീന്ദ്രൻ മത്സരിച്ചാൽ വലിയ പരാജയം നേരിടുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നുണ്ട്.
നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി മെഹബൂബ് അവിടെ സ്ഥാനാർത്ഥിയായൽ ഭൂരിപക്ഷത്തിൽ വിജയം തുടരുവാൻ കഴിയുമെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു. കുട്ടനാട്ടിലേക്ക് വന്നാലും അവസ്ഥ മറ്റൊന്നുമല്ല. തോമസ് കെ തോമസ് ഒരു കാരണവശാലും വിജയിക്കില്ലെന്ന് സിപിഎം ആലപ്പുഴ നേതൃത്വം പറയുന്നു. കഴിഞ്ഞ പാർട്ടി ജില്ലാ സമ്മേളനത്തിലും എംഎൽഎയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. യുഡിഎഫിലേക്ക് വന്നാൽ എൽഡിഎഫിൽ കിട്ടുന്നതിനേക്കാൾ പരിഗണനകൾ ലഭിക്കുമെന്ന് എൻസിപി കരുതുന്നു.
നിലവിൽ എൻസിപിയുടെ പ്രധാനപ്പെട്ട നേതാക്കളായ പിസി ചാക്കോയും ലതിക സുഭാഷും സമീപകാലത്ത് കോൺഗ്രസ് വിട്ട് എൻസിപിയുടെ ഭാഗമായവരാണ്. ഇവരാണ് ഇരു പാർട്ടികൾക്കും ഇടയിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്ന് അറിയുന്നു. ഏതായാലും ഈ മൂന്ന് ഘടകകക്ഷികളും എൽഡിഎഫ് വിട്ടു പോകുന്നത് ഇടതുമുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണം ഒന്നും നൽകുന്നില്ലെങ്കിലും യുഡിഎഫിന് അനുകൂലമായ ചർച്ചകൾക്ക് വഴിവെക്കാനാണ് സാധ്യത.





