ജനീവ : ജനീവ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. കരിയറിലെ 100ാം സിംഗിള്‍സ് കിരീടമെന്ന സ്വപ്‌നമാണ് താരം ഇതോടെ സഫലമാക്കിയത്. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍ക്കസിനെ (57, 76, 76) തോല്‍പിച്ചാണ് ജോക്കോവിച്ച് കരിയറിലെ 100ാം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത്.
പാരിസില്‍ ഇന്ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നിസില്‍ മത്സരത്തിനിറങ്ങും മുന്‍പാണ് ജോക്കോയുടെ ജനീവയിലെ നേട്ടം.
പുരുഷ ടെന്നിസില്‍ എടിപി കിരീടങ്ങളില്‍ സെഞ്ചറി നേടുന്ന മൂന്നാമത്തെ താരമാണ് മുപ്പത്തെട്ടുകാരനായ ജോക്കോവിച്ച്. ജിമ്മി കോണേഴ്‌സും (109) റോജര്‍ ഫെഡററും (103) മാത്രമാണ് ഇനി മുന്നിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ പാരിസ് ഒളിംപിക്‌സിലെ സ്വര്‍ണനേട്ടത്തോടെ 99ാം സിംഗിള്‍സ് കിരീടം നേടിയ ജോക്കോയ്ക്ക് 100ാം കിരീടത്തിനായി 10 മാസത്തോളം കാത്തിരിക്കേണ്ടിവന്നു.
കരിയറിലെ 25ാം ഗ്രാന്‍സ്ലാം കിരീടമെന്ന ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ മത്സരത്തിനിറങ്ങുന്നത്. 2023ലെ യുഎസ് ഓപ്പണിലൂടെ 24ാം ഗ്രാന്‍സ്‌ലാം ട്രോഫി നേടിയ ജോക്കോവിച്ച് പിന്നീട് മോശം ഫോമിലായിരുന്നു. റാങ്കിങ്ങിലും തിരിച്ചടി നേരിട്ട താരം ഇപ്പോള്‍ ആറാം സ്ഥാനത്താണ്.






