ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍മരിച്ചു.മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സിമന്റ് നിറച്ച ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഒന്‍പത് പേര് മരിക്കുകയും രണ്ട് പേര് പരിക്കുകളുമായി ചികിത്സയില്‍ കഴിയുകയാണന്നും പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.
മേഘ്നഗര്‍ തഹസിലിന് അടിയിലുള്ള സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപമുള്ള താല്‍ക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാന്‍. നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍ ഓവര്‍-ബ്രിഡ്ജ് (ആര്‍ഒബി) കടക്കുമ്പോള്‍ ട്രക്ക് നിയന്ത്രണം തെറ്റി വാനിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് പദ്മവിലോചന് ശുക്ല പിടിഐയോട് പറഞ്ഞു.






