കൊച്ചി : അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന് വധഭീഷണി. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളത്.
കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന് ആയി പണം നല്‍കണം എന്നാണ് ആവശ്യം.തപാല്‍ വഴി മേയ് 17 ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗംഗാധരന് മരട് പൊലീസില്‍ പരാതി നല്കി. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നും പണം നല്കാതിരുന്നാല് ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന് അപകടത്തിലാക്കുമെന്നും കത്തില്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്






