തിരുവനന്തപുരം: പൊങ്കാലക്കിടെ യുവതിയുടെ മാല മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ മാല കവർന്ന കേസിൽ ആണ് യുവതിയെ പിടികൂടിയത്. ആയുർവേദ കോളേജ് ഭാഗത്ത് ബസിൽവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ ശോഭകുമാരിയുടെ 10 പവന്റെ സ്വർണമാല ഒരു സംഘം മോഷ്ടിച്ചത്. സംഭവത്തിൽ തമിഴ്നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെ വഞ്ചിയൂർ പൊലീസ് പാലക്കാടുനിന്നാണ് അറസ്റ്റു ചെയ്തത്.
ഈ കേസിൽ തമിഴ്നാട് തിരുവള്ളൂർ സ്വദേശിയായ ഇളയരാജയെ നേരത്തേ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളുമടക്കമുള്ള സംഘമാണ് പൊങ്കാലയ്ക്കിടെ മോഷണം പ്ലാൻ ചെയ്ത് തലസ്ഥാനത്തെത്തിയത്.
മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇവരുടേത്. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി. ഉച്ചയ്ക്ക് 1.30ഓടെ മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസിൽ കയറി മോഷണം ആരംഭിച്ചു. കാര്യം നടന്നാൽ കാറിൽ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി.






