ഓട്ടവ: കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് താരിഫ് ഉള്‍പ്പെടെയുള്ള വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരിട്ട് ചര്‍ച്ച നടത്തുന്നുതായി വ്യവസായ മന്ത്രി മെലനി ജോളി.
സ്റ്റീല്‍, അലുമിനിയം ഇറക്കുമതി താരിഫ് 25% ല്‍ നിന്ന് 50% ആയി ഇരട്ടിയാക്കിയ ട്രംപ് നടപടി യുഎസിലേക്ക് ഏറ്റവും കൂടുതല്‍ ലോഹങ്ങള്‍ കയറ്റുമതി ചെയുന്ന രാജ്യമായ കാനഡയെ ഈ നീക്കം ദോഷകരമായി ബാധിക്കും. താരിഫുകള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ തീവ്രമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ‘ആ ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ പ്രതികാര നടപടികള്‍ക്ക് കാനഡ തയ്യാറെടുക്കുകയാണെന്നും’ കാര്‍ണി ബുധനാഴ്ച പറഞ്ഞിരുന്നു. മാര്‍ക്ക് കാര്‍ണിയും ട്രംപുമായുള്ള ചര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






