ന്യൂയോര്‍ക്ക് : ‘ഒബാമ’ എന്ന തന്റെ സര്‍നെയിം ഉപേക്ഷിച്ച്, യുഎസ് ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ബറാക് ഒബാമയുടെ മകള്‍ മാലിയ ആന്‍. അടുത്തിടെ മാലിയ ചെയ്ത ഒരു പരസ്യഷൂട്ടിങ്ങിന്റെ ക്രെഡിറ്റില്‍ മാലിയ ആന്‍ ഒബാമ എന്ന മുഴുവന്‍ പേരിനു പകരം ‘മാലിയ ആന്‍’ എന്നു മാത്രമാണ് നല്‍കിയത്. ശക്തനായ പിതാവിന്റെ മകളെന്ന ലേബലില്‍ നിന്നു മാറി സ്വന്തം നിലയ്ക്കു വിജയങ്ങള്‍ നേടാനാണ് മാലിയയുടെ ശ്രമമെന്നും ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമ്മ മിഷേല്‍ ഒബാമയും മകളുടെ തീരുമാനത്തെക്കുറിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
26 വയസ്സുകാരിയായ മാലിയ ഹോളിവുഡ് ഉള്‍പ്പെടുന്ന വിനോദവ്യവസായരംഗത്ത് കരിയര്‍ മോഹങ്ങള്‍ സൂക്ഷിക്കുന്നയാളാണ്. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് വിഷ്വല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസില്‍ ബിരുദം നേടിയ ഇവര്‍ക്ക് ഹോളിവുഡില്‍ സംവിധായികയാകാനാണ് താല്‍പര്യം. 2023ല്‍ ദ് ഹാര്‍ട്ട് എന്ന പേരില്‍ ഒരു ഷോര്‍ട്ഫിലിമും മാലിയ ഒരുക്കിയിരുന്നു.
എന്നാല്‍ വിവാദങ്ങളും മാലിയയെ വിടാതെ പിന്തുടര്‍ന്നു. 18 വയസ്സുള്ളപ്പോള്‍ 21ല്‍ അധികം വയസ്സുള്ളവര്‍ക്കു മാത്രം പ്രവേശനമുള്ള നിശാക്ലബില്‍ പങ്കെടുത്തത് വിവാദത്തിന് വഴി വച്ചിരുന്നു. നേരത്തെ പ്രശസ്ത ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിന്റെയും കാറ്റി ഹോംസിന്റെയും മകള്‍ സൂരിയും പേരിനൊപ്പമുള്ള പിതാവിന്റെ കുടുംബപ്പേരായ ക്രൂസ് ഉപേക്ഷിച്ചിരുന്നു. ലാഗ്വാര്‍ഡിയ ഹൈസ്‌കൂളില്‍ നിന്ന് ‘സൂരി നോയല്‍’ എന്ന പേരിലാണ് ടോം ക്രൂസിന്റെ മകള്‍ ബിരുദം നേടിയത്.
ബറാക്മിഷേല്‍ ഒബാമ ദമ്പതികളുടെ 2 പെണ്‍മക്കളില്‍ ഒരാളാണ് മാലിയ. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയില്‍നിന്നാണു ബിരുദം നേടിയത്






