കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞ് ‘നിധി’യെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തില്‍ കുട്ടിയെ ജാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി (CWC) ചെയര്‍മാന്‍ വിന്‍സെന്റ് ജോസഫ് വ്യക്തമാക്കി. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കുട്ടിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളായ മംഗളേശ്വറും രഞ്ജിതയും കുട്ടിയെ തിരികെ കിട്ടുന്നതിനായി കേരളത്തിലുണ്ട്. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ വ്യക്തമാക്കിയത്. കുട്ടി മരിച്ചുപോകും എന്നു കരുതി വിട്ടുപോയവരാണ് അവര്‍. അവര്‍ക്ക് കുട്ടിയെ നോക്കാന്‍ സാമ്പത്തിക സാഹചര്യമില്ലായിരുന്നു എന്നാണ് പറഞ്ഞത്. മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷിച്ചെടുത്തുകൊണ്ടുവന്ന കുട്ടിയാണിത്. അപ്പോള്‍ ഭാവിയിലും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചാല്‍ കേരളത്തിലെ ശുശുക്ഷേമ സമിതിക്ക് പിന്നെ അതില്‍ ഇടപെടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ അതിന് സാധിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സമിതി എന്ന നിലയില്‍ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്കാണ്. അതിനാലാണ് അവര്‍ക്ക് കുട്ടിയെ കൈമാറാന്‍ തീരുമാനിച്ചത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറണോ തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് അവര്‍ക്ക് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് ദമ്പതികള്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ജനുവരി 29ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയായിരുന്നു. വൈകാതെ സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും ‘നിധി’ എന്ന് പേരു നല്‍കുകയും ചെയ്തു. കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. കുഞ്ഞ് ജീവനോടെയില്ലെന്നാണ് കരുതിയതെന്നും ആശുപത്രി ബില്ലടയ്ക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലാത്തതിനാല്‍ നാട്ടിലേക്കു പോകുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.






