ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ സുരക്ഷാപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCA). വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി. എയര്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തല്‍.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിങ് 7878/9 ഡ്രീംലൈനര്‍ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയത്. നിലവില്‍ 33 ഡ്രീംലൈനര്‍ വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ടത് 787 ഡ്രീംലൈനര്‍ വിമാനമാണ്.
33 എണ്ണത്തില്‍ 26 എണ്ണത്തിന്റെ വിദഗ്ധ പരിശോധനയാണ് പൂര്‍ത്തിയാക്കിയത്.ഓപ്പറേഷന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, എന്‍ജിനീയറിങ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്നും സ്‌പെയര്‍പാര്‍ട്‌സുകള്‍ ആവശ്യത്തിനു ലഭ്യമാക്കി സമയബന്ധിതമായ സര്‍വീസുകള്‍ ഉറപ്പാക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.






