തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തിയ ബ്രിട്ടിഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇനിയും ഒരാഴ്ചയിലേറെയെടുത്തേക്കുമെന്നാണ് വിവരം. വിമാനവാഹിനി കപ്പലില്‍നിന്നു കഴിഞ്ഞ ദിവസം രണ്ട് എന്‍ജിനീയര്‍മാര്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് തകരാര്‍ പരിഹരിക്കാനായില്ല. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍നിന്ന് വിദഗ്ധര്‍ ഉടന്‍ എത്തുമെന്നാണു വിവരം.
ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാന്‍ഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു വിമാനം മാറ്റിയേക്കും. ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് ഇറക്കിയത്.






