സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുവന്ന് പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി.
ഹേമചന്ദ്രന്റേത് കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ കീഴടങ്ങുമെന്ന് പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് പ്രതി പറയുന്നു. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ടെന്നും മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രതി നൗഷാദ് പറയുന്നു.
പലയിടങ്ങളില്‍ നിന്ന് പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയെന്നും, എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചെന്നും പ്രതി പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിന്റെ കൈവശമുണ്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തിരിച്ചെത്തി മൈസൂരില്‍ നിന്ന് പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരു ദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നതായും നൗഷാദിന്റെ കുറിപ്പിലുണ്ട്.






