തിരുവനന്തപുരം: ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോള്‍ എല്ലാ കുട്ടികളും ക്ലാസ് മുറിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ശൗചാലയത്തിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണു മരം വീണത്. മരത്തിന്റെ ശിഖരങ്ങള്‍ കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാല്‍ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സ്കൂള്‍ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്. ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളില്‍ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഫയര്‍ഫോഴ്സ് എത്തി പിന്നീട് മരം മുറിച്ചുമാറ്റി. നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍ കുമാര്‍ സ്കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വീണ മരം ഫയര്‍ ഫോഴ്സ് മുറിച്ചു മാറ്റുന്നതിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുമുണ്ടായി.






