തിരുവനന്തപുരം: ഹോട്ടലുടമയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികള്‍. തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികള്‍ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടി.മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവില്‍ പോവുകയായിരുന്നു എന്ന് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ മൊഴി നല്‍കി. ജസ്റ്റിന്‍ രാജിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് രാവിലെ എട്ടരയോടെ നടക്കും. പ്രതികളെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.
കേസില്‍ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷ്, ഡല്‍ഹി സ്വദേശി ദില്‍കുമാര്‍ എന്നിവരെ അടിമലത്തുറയില്‍ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. അമിത മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിന്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.






