പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 88കാരനായ മണ്ണാര്‍ക്കാട് സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. മഞ്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
പൂനെ വൈറോളജി ലാബില്‍ നിന്ന് പരിശോധനാഫലം എത്താന്‍ രണ്ട് ദിവസം എടുക്കും. രോഗി രണ്ട് ദിവസമായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടര്‍ന്നാണ് മഞ്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ രോഗിക്ക് മരണം സംഭവിക്കുകയായിരുന്നു. രോഗിയുമായി നേരിട്ട് കോണ്‍ടാക്ടുള്ള ആളുകളെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാലക്കാട് പാലക്കാട് സ്വദേശിനിയായ 38കാരി ഇപ്പോഴും നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളല്ല മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.



