കാസർഗോഡ്: അത്തിക്കോത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻഭാഗം ഭൂമിക്കടിയിൽ രൂപപ്പെട്ട വൻ ഗർത്തത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നു. കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസിലർ അത്തിക്കോത്ത് എ.സി നഗറിലെ എം.കണ്ണന്റെ വീടാണ് ഇന്നലെ രാവിലെ തകർന്നുവീണത്. കണ്ണനു വർഷങ്ങൾക്കു മുൻപു പതിച്ചുകിട്ടിയ 56 സെന്റ് സ്ഥലത്തു പ്രധാനമന്ത്രി യോജന പദ്ധതിയിൽ നിർമാണം പൂർത്തിയാകാനിരിക്കെയാണു വീട് തകർന്നു വീണത്. വീടിന്റെ സിറ്റൗട്ട് ഉൾപ്പെടെയുള്ള ഭാഗമാണ് 10 മീറ്ററോളം താഴ്ചയിൽ രൂപപ്പെട്ട ഗർത്തത്തിലേക്കു താഴ്ന്നത്. വെള്ളിയാഴ്ച പുലർച്ചെ 5ന് ആണു വൻശബ്ദത്തോടെ വീട് തകർന്നതെന്നു സമീപവാസികൾ പറഞ്ഞു. കണ്ണനും കുടുംബവും ഇപ്പോൾ താമസിക്കുന്നത് ഇവിടെനിന്ന് അരക്കിലോമീറ്റർ അകലെയാണ്. ഉച്ചയോടെ മുൻഭാഗത്തെ സൺഷേഡും അടർന്നുവീണു.
തകർന്ന വീടിന്റെ ബാക്കിഭാഗം പോലും സംരക്ഷിക്കാനാകാത്ത വിധമാണ് അപകട ഭീഷണി. ഭൂമിക്കു വിള്ളലുള്ളതിനാൽ വീടിനു സമീപത്തേക്കു പോകാൻപോലും കഴിയാത്ത സ്ഥിതിയാണ്. ജിയോളജി വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു സ്ഥലത്തു പരിശോധന നടത്തിയതശേഷം മാത്രമേ ഈ ഭാഗത്തു നിർമാണം തുടരാവൂ എന്ന് അധികൃതർ നിർദേശിച്ചു.കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, വാർഡ് കൗൺസിലർ സൗദാമിനി, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി.






