കൊല്‍ക്കത്ത: ഖൊരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ റിതം മൊണ്ടല്‍ (21) ആണ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശിയാണ്.
ഖൊരഗ്പൂര്‍ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് ഹാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ മുറിയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു.
രാവിലെ മറ്റുകുട്ടികള്‍ വന്ന് വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടത്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനുവരിക്ക് ശേഷം നാലാമത്തെ സംഭവമാണിത്.






