കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റി മീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഒന്ന്, രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 48.8 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
നേരത്തെ ബാണാസുര സാഗര്‍ ഡാമിലെ ഒരു സ്പില്‍വെ ഷട്ടര്‍ 30 സെന്റിമീറ്ററും മറ്റൊരു സ്പില്‍വെ ഷട്ടര്‍ 15 സെന്റിമീറ്ററും ഉയര്‍ത്തിയിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ ലഭിക്കുന്നതിനാല്‍ ഡാമിലെ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായാണ് ഒരു സ്പില്‍വെ ഷട്ടറുകള്‍ 60 സെന്റിമീറ്ററായി ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് കരമാന്‍തോട്, പനമരം പുഴകളില്‍ 25 മുതല്‍ 35 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയില്ലെന്നും ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററില്‍ വിളിക്കാമെന്നും(1077) ജില്ലാ കളക്ടര്‍ അറിയിച്ചു.പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും. എല്ലാ മുന്‍ കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.




