വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ഇപ്പോഴേ സജീവമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളമൊരുങ്ങും. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് പരസ്പരം അനിവാര്യമായ കാര്യമാണ്.
കേരളത്തിൽ മാത്രം അധികാരത്തിലുള്ള സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്കും തുടർച്ചയായി അധികാരത്തിന് പുറത്തു നിൽക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിക്കും രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കേരളം പിടിക്കുക എന്ന ലക്ഷ്യത്തിൽ താഴെ ഒന്നുമില്ല. സ്വാഭാവികമായും മുന്നണികൾക്ക് ഉള്ളിൽ സീറ്റ് വിഭജനം അടക്കമുള്ള ചർച്ചകൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.
ആകെയുള്ള 140 മണ്ഡലങ്ങളിൽ ഓരോ മണ്ഡലങ്ങളും അതീവ ശ്രദ്ധയോടെയാണ് പാർട്ടികളും മുന്നണികളും വീക്ഷിക്കുന്നത്. ഇടതുമുന്നണിക്ക് ഉള്ളിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾ ആദ്യം ആരംഭിച്ചിരിക്കുന്നത്. നിലവിൽ എൻ സി പി എസിന് നൽകുന്ന മൂന്ന് മണ്ഡലങ്ങൾ ആദ്യത്തേത് കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലവും രണ്ടാമത്തേത് മലപ്പുറം ജില്ലയിലെ കോട്ടക്കൽ മണ്ഡലവും മൂന്നാമത്തെത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലവും ആണ്. ഇതിൽ കുട്ടനാട് എലത്തൂർ മണ്ഡലങ്ങളിൽ പാർട്ടി നിലവിൽ വിജയിച്ചു നിൽക്കുകയാണ്. വനമന്ത്രി എ കെ ശശീന്ദ്രനാണ് എലത്തൂരിന്റെ എംഎൽഎ. എൻ സി പി എസ് സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസാണ് കുട്ടനാട് എംഎൽഎ. ഇതിൽ എലത്തൂർ കുട്ടനാട് മണ്ഡലങ്ങളിൽ അടുത്ത തവണ എൻ സി പി എസ് മത്സരിച്ചാൽ വിജയിക്കില്ല എന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്ക് ഉള്ളത്. രണ്ടിടങ്ങളിലും സിപിഎം പ്രാദേശിക നേതൃത്വങ്ങൾക്ക് മണ്ഡലം സിപിഎം തന്നെ ഏറ്റെടുക്കണമെന്ന വികാരമാണുള്ളത്.
കഴിഞ്ഞ ആലപ്പുഴ കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനങ്ങളിൽ നിലവിലെ എൻസിപിഎസ് എംഎൽഎമാർക്കെതിരെ കടുത്ത വിമർശനം ഉണ്ടായിരുന്നു. മാത്രമല്ല വനമന്ത്രി എന്ന നിലയ്ക്ക് ശശീന്ദ്രൻ തികഞ്ഞ പരാജയം ആണെന്ന വിലയിരുത്തലാണ് പൊതുവേ ജനങ്ങൾക്കുള്ളത്. ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഒരുകാലത്ത് എൻ സിപി കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ ഒന്നായിരുന്നു. ഇന്ന് കേവലം പത്തോ ഇരുപതോ നേതാക്കൾക്കപ്പുറത്തേക്ക് പ്രവർത്തകരോ സംഘടനാ സംവിധാനമോ ഉള്ള പാർട്ടി ഒന്നുമല്ല എൻസിപി എസ്. ദേശീയതലത്തിൽ രണ്ടായി പിളർന്നപ്പോൾ സംസ്ഥാനത്തും രണ്ട് എൻസിപി രൂപപ്പെട്ടെങ്കിലും രണ്ടിലും നേതാക്കൾ മാത്രമാണ് ഉള്ളത്. ഇതും ഇടതുമുന്നണിയെ വീണ്ടും ചിന്തിപ്പിക്കുന്നതിന് വഴിയൊരുക്കി. അതുകൊണ്ടുതന്നെ എൻസിപിഎസിന് മൂന്ന് സീറ്റുകൾ വരുന്ന തെരഞ്ഞെടുപ്പിൽ നൽകേണ്ടതില്ല എന്ന തീരുമാനമാണ് സിപിഎം എടുക്കാൻ ഇരിക്കുന്നത്.
അങ്ങനെ വരുമ്പോൾ നിലവിൽ നൽകിയിരുന്ന എലത്തൂർ, കുട്ടനാട് മണ്ഡലങ്ങൾ സിപിഎം തന്നെ തിരികെ എടുക്കും. രണ്ടു മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർഥികൾ ആകും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ഈ രണ്ടു മണ്ഡലങ്ങൾക്കും പകരമായി മറ്റൊരു മണ്ഡലം എൻസിപിഎസിന് നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് പിസി ചാക്കോയ്ക്ക് ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് നൽകണമെന്നതിൽ സമ്മർദ്ദം ഉണ്ട്. ശരത് പവാർ പിസി ചാക്കോ യുമായി ഏറെ ആത്മബന്ധം ഉള്ള നേതാവാണ്. ശരത് പവാർ ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചിട്ടുള്ളതായിട്ടാണ് അറിയുന്നത്. അങ്ങനെ വന്നാൽ എറണാകുളം ജില്ലയിലെ അങ്കമാലി മണ്ഡലം പിസി ചാക്കോയ്ക്ക് നൽകിയേക്കാം.
ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം. കോൺഗ്രസിന്റെ റോജി എം ജോണാണ് അങ്കമാലി മണ്ഡലത്തിന്റെ എംഎൽഎ. മുൻ എംഎൽഎയായ ജോസ് തെറ്റയിലിനെ തന്നെയാണ് ഇടതു മുന്നണി കഴിഞ്ഞതവണ മണ്ഡലത്തിൽ മത്സരത്തിന് ഇറക്കിയത്.
2006-ലും 2011-ലും എൽഡിഎഫിന് വേണ്ടി ജെഡിഎസിലെ ജോസ് തെറ്റയിൽ വിജയിച്ച മണ്ഡലത്തിലാണ് 2016ൽ റോജി എം ജോൺ അട്ടിമറി വിജയം നേടുന്നത്. 2021ലും അതേ വിജയം റോജി ആവർത്തിക്കുകയായിരുന്നു. മണ്ഡലത്തിൽ ഇരുമുന്നണികൾക്കും ഒരുപോലെ വേരോട്ടമുണ്ട്. 1965-ൽ മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ ആണ് വിജയിച്ചത്. അതിനുശേഷം തുടർച്ചയായി നാലുതവണ സിപിഐ എം നേതാവ് എ പി കുര്യൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ്സിലെ എം വി മാണി രണ്ടുതവണയും കോൺഗ്രസിലെ പി ജെ ജോയി മൂന്നുതവണയും തുടർച്ചയായി വിജയിച്ചു.
2006-ലാണ് ജനതാദൾ എസ് സ്ഥാനാർത്ഥിയായി ജോസ് തെറ്റയിൽ അങ്കമാലിയിൽ മത്സരിച്ച ജയിക്കുന്നത് രണ്ടു നിയമസഭ കാലയളവിൽ തെറ്റയിൽ അങ്കമാലിയെ പ്രതിനിധീകരിച്ചു. 2011-ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോണി നെല്ലൂരിന്റെ പരാജയത്തിന് ശേഷം 2016-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ റോജി എം ജോണിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തു. ക്രൈസ്തവ മത വിശ്വാസികൾ കൂടുതലായുള്ള പ്രദേശമെന്ന നിലയിൽ ചാക്കോയെ മത്സരത്തിന് ഇറക്കിയാൽ ഗുണം ഉണ്ടാകുമെന്ന് ഇടതുമുന്നണി കരുതുന്നു.






