ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനങ്ങള്‍ വൈകാനിടയുണ്ടെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും രൂപപ്പെട്ടതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. കൊണാട്‌പ്ലേസില്‍ രണ്ട് മണിക്കൂറില്‍ 100.2 മില്ലീ മീറ്റര്‍ മഴ പെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
മഴയ്ക്ക് പിന്നാലെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇത് ഗതാഗത കുരുക്കിന് കാരണമായി. റാം ബാഗ് റോഡിലെ ആസാദ് മാര്‍ക്കറ്റ് റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ടുണ്ടായി. സമീപ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു, റാണി ഝാന്‍സി റോഡ്, ബര്‍ഫ്ഖാന, പുല്‍ മിത്തായി, വീര്‍ ബന്ദാ ബൈരാഗി മാര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വഴിതിരിച്ചുവിട്ടു. അംബേദ്കര്‍ സ്റ്റേഡിയത്തിലും വെള്ളക്കെട്ടുണ്ടായി.






