ആലപ്പുഴ: വേമ്പനാട്ടു കായലില്‍ വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സുമേഷിന്റെ (42) മൃതദേഹമാണ് അരൂര്‍ കോട്ടപ്പുറം കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. കായലില്‍ പലയിടത്തായി തിങ്കളാഴ്ച്ചയും ഇന്നലെയും നടത്തിയ തിരച്ചിലില്‍ പരാജയമായിരുന്നു.
ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂര്‍ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. തിങ്കളാഴ്ച മുറിഞ്ഞപുഴ കാട്ടിക്കുന്ന് ഭാഗത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരുമ്പോഴാണ് വള്ളം മറിഞ്ഞത്. 23 അംഗ സംഘം സഞ്ചരിച്ച എന്ജിന് ഘടിപ്പിച്ച വള്ളമാണ് ശക്തമായ കാറ്റിലും തിരയിലും ആടിയുലഞ്ഞ് അപകടത്തില്‍പ്പെട്ടത്. 22 പേരും രക്ഷപ്പെട്ടു.






