ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്നു. ഹിമാചൽ പ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ യെല്ലോ അലർട്ടാണ്. ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ നദി പലയിടത്തും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 18 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ മധ്യപ്രദേശിൽ ഇതുവരെ 252 പേർ മഴക്കെടുതിയിൽ മരിച്ചു. 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,628 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ, 128 വീടുകൾ പൂർണ്ണമായും തകർന്നു. ബിഹാറിൽ തലസ്ഥാനമായ പാട്നയിലെ കൃഷ്ണ ഘട്ട് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.






