ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025-26 സീസണ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് AIFF. നാളെ (07.08.25) ഡല്‍ഹിയില്‍ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള യോഗം . ഐഎസ്എല്ലിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സംയുക്തമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ബംഗളൂരു എഫ്.സി, ജംഷഡ്പുര്‍ എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഒഡീഷ എഫ്.സി, പഞ്ചാബ് എഫ്.സി എന്നീ ക്ലബ്ബുകളും കത്തയച്ചിരുന്നു.
ഐഎസ്എല്‍ അനിശ്ചിതത്വം താരങ്ങളെയും, മറ്റ് ക്ലബ് അംഗങ്ങളെയും സാരമായി ബാധിച്ചിട്ടിട്ടുണ്ട്. ലീഗിലെ പ്രമുഖ ക്ലബ്ബുകളില്‍ ഒന്നായ ബംഗളൂരു എഫ് സി അനിശ്ചിത കാലത്തേക്ക് താരങ്ങളുടെയും, മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളം മരവിപ്പിക്കുന്നതായി പ്രസ്താവന ഇറക്കിയിരുന്നു. ഈ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നെന്നും ക്ലബ് അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റര്‍ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ലീഗിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയത്.






