കൊല്ലം: തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു.ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സാണ് വീട് നിര്‍മ്മിച്ചു നല്‍കുക. മൂന്നര മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം അനാസ്ഥ കാരണമുണ്ടായ മരണത്തിന് വകുപ്പ് തല നടപടികള്‍ കൈക്കൊണ്ടെങ്കിലും പ്രതികള്‍ക്കെതിരായ പൊലീസ് അന്വേഷണം ഇഴയുകയാണ്.
സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായവും ചടങ്ങില്‍ കൈമാറി. നീറുന്ന മനസുമായി എല്ലാം കണ്ട് എല്ലാം ഏറ്റുവാങ്ങി മിഥുന്റെ കുടുംബവും. ജൂലൈ 17നാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളില്‍ അപകടകരമായ രീതിയില്‍ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം.






