ന്യൂഡല്‍ഹി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചര്‍ച്ചകളില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയര്‍ന്നു വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. നാലു ദിവസത്തിനിപ്പുറവും ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കന്‍ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കന്‍ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്കിയത്. എന്നാല്‍ ഇതു മാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആര്‍എസ്എസിലും ശക്തമാകുകയാണ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിര്‍ദ്ദേശം ശക്തമാണ്.
അമേരിക്കയില്‍ നിന്നുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളില്‍ തീരുവ ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ലോകവ്യാപാര കരാറിന്റെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങള്‍ക്കും തീരുവ കുത്തനെ ഉയര്‍ത്താനുള്ള നിര്‍ദേശവും പരിഗണനയിലാണ്.




