കല്‍പ്പറ്റ: മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദിന്റെ കൊലപാതക്കേസിലെ കോടതി വിധി നിരാശാജനകമാണെന്ന് സഹോദരൻ കെ.വി. ബാബു പ്രതികരിച്ചു. 23 വർഷത്തിന് ശേഷമാണ് വിധി വന്നതെന്നും മരവിച്ച മനസ്സോടെയാണ് വിധി കേട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥനായിരുന്ന കെ.വി. വിനോദ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടിട്ടും കുടുംബത്തിന് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് ബാബു ആരോപിച്ചു. മാതാപിതാക്കൾക്ക് അനുവദിക്കേണ്ട കുടുംബ പെൻഷൻ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിച്ചിരുന്നുവെന്നും പിന്നീട് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് അത് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശ്രിത നിയമനവും കുടുംബത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിന്റെ നടത്തിപ്പിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കേണ്ടത് കുടുംബത്തിന്റേതു മാത്രമല്ല, സമൂഹത്തിന്റെ ആവശ്യവുമാണെന്നും കെ.വി. ബാബു വ്യക്തമാക്കി.
അതേസമയം, കെ.വി. വിനോദ് വധക്കേസിൽ രണ്ടാം പ്രതിയായിരുന്ന അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ഗീതാനന്ദൻ ഉൾപ്പെടെ മറ്റ് 35 പ്രതികളെ കോടതി വെറുതെവിട്ടു. വിനോദിനെ മാരകമായി വെട്ടിയത് അശോകനാണെന്നും ആ മുറിവാണ് മരണകാരണമെന്നും കോടതി നിരീക്ഷിച്ചു. അശോകൻ നേരത്തെ മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല.
അതേസമയം, മുത്തങ്ങയിലെ അബ്ദുൾ സലാം വധശ്രമക്കേസിൽ ഒന്നാം പ്രതി ഗീതാനന്ദൻ ഉൾപ്പെടെ നാല് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരാണ് കുറ്റക്കാരായ പ്രതികൾ.
സി.ബി.ഐ സമർപ്പിച്ച മൂന്ന് കുറ്റപത്രങ്ങളിലാണ് കോടതി വിധി പ്രസ്താവിച്ചത്. സി.കെ. ജാനു, ഗീതാനന്ദൻ എന്നിവർ ഉൾപ്പെടെ 42 ആദിവാസി പ്രവർത്തകരാണ് കേസിൽ വിചാരണ നേരിട്ടത്. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
2003ലെ മുത്തങ്ങ ഭൂസമരത്തിനിടെയാണ് കെ.വി. വിനോദ് കൊല്ലപ്പെട്ടത്. സമരത്തിനിടെ ആദിവാസികൾക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു. ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുമെന്ന വാഗ്ദാനം നടപ്പാക്കാത്തതിനെ തുടർന്നാണ് മുത്തങ്ങ സമരം നടന്നത്.




