തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ തീവെപ്പ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
തീവെപ്പിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്ത് നിന്ന് മതിൽ ചാടി രക്ഷപ്പെട്ട ശേഷം രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. നാട്ടുകാരാണ് ഇയാളെ കണ്ടെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊള്ളലേറ്റ ഉടൻ ചികിത്സ തേടാതെ കുളത്തിൽ ചാടിയതിനെ തുടർന്ന് ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാനായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന സൂചനയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ബാറിൽ തീവെപ്പ് ഉണ്ടായത്. സംഭവത്തിൽ ആദ്യം നവാസ് മരിക്കുകയും പിന്നീട് തീ കൊളുത്തിയ പ്രതിയായ അനീഷ് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് ബാറിലുണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷിനെ പിന്നീട് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട മരണസംഖ്യ നാലായി ഉയർന്നത്.












