കൊച്ചി: ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കായി രക്തം തേടുന്ന രോഗികളുടെ ബന്ധുക്കളിൽ നിന്ന് യാത്രാച്ചെലവും ഭക്ഷണച്ചെലവും എന്ന പേരിൽ മുൻകൂർ പണം വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി.
ഏറ്റവും ഒടുവിൽ, ഹൃദയ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശിയുടെ ബന്ധുവിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രക്തദാനവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സന്നദ്ധ കൂട്ടായ്മകളിലും നുഴഞ്ഞുകയറിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. രക്തം ആവശ്യമുള്ള രോഗിയുടെ ബന്ധുക്കളെ നേരിട്ട് വിളിച്ച് രക്തം നൽകാമെന്ന് അറിയിക്കുകയും യാത്രാച്ചെലവിനും ഭക്ഷണത്തിനുമായി 1,000 രൂപ മുതൽ ചെറിയ തുക മുൻകൂർ ഓൺലൈനായി അയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
പണം ലഭിച്ചശേഷം, രക്തം നൽകേണ്ട ദിവസം ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും രോഗിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് പിന്നീട് ഫോൺ ഓഫ് ചെയ്ത് മുങ്ങുകയാണ് ഇവരുടെ പതിവ്.
അമൃത ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥി ‘സന്ദീപ് റെഡ്ഡി’യാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ തൃശൂർ സ്വദേശിയെ ബന്ധപ്പെട്ടത്. ഇതിനായി 9701443331 എന്ന വാട്സ്ആപ്പ് നമ്പറാണ് ഉപയോഗിച്ചതെന്നും ഇതേ നമ്പർ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരെ കബളിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സൈബർ പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.



