റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢില്‍ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം. റായ്പൂരിലെ കുക്കൂര്‍ബെഡാ എന്ന സ്ഥലത്ത് നടന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. പ്രാര്‍ഥനയ്ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ പറഞ്ഞു.
ഛത്തീസ്ഗഢില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് പാസ്റ്റര്‍മാര്‍ പറയുന്നത്. ഒരു വിശ്വാസിയുടെ വീട്ടില്‍ ഞായറാഴ്ച നടക്കുന്ന പ്രാര്‍ഥനയ്ക്കിടെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ചില ഹൈന്ദവ സംഘടന പ്രവര്‍ത്തകരും സ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത്. പ്രാര്‍ഥനാ യോഗത്തിന്റെ രൂപത്തില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. പിന്നീട് ഇവര്‍ ജയ്ശ്രീറാം വിളിക്കുകയും ഹനുമാന്‍ ചാലിസാ മന്ത്രം മുഴക്കുകയും ചെയ്തു. ഏറെ നേരം ഈ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പാസ്റ്റര്‍ക്കും സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റു. പിന്നീട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അവര്‍ക്ക് മുന്നില്‍ വെച്ചും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ സേനയെ പൊലീസ് ഈ സ്ഥലത്ത് വിന്യസിപ്പിക്കുകയായിരുന്നു.
അതേസമയം, ഇത്തരം സംഭവങ്ങള്‍ ഛത്തീസ്ഗഢില്‍ ആവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ക്രൈസ്തവര്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാകാറുണ്ടെന്നാണ് പാസ്റ്റര്‍മാര്‍ പറയുന്നത്. പ്രാര്‍ഥന നടത്തുന്ന വീടുകളിലും പള്ളികളിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം പാസ്റ്റര്‍മാര്‍ക്കെതിരെയാണ് പൊലീസ് മതപരിവര്‍ത്തനം ആരോപിച്ച് കേസെടുക്കുന്നത്.






